ഇരിങ്ങാലക്കുട: സേവനവും സമർപ്പണവുമാണു നേതാക്കളുടെ മുഖമുദ്രയെന്നും ജനങ്ങൾ തങ്ങളിലർപ്പിച്ച ഉത്തരവാദിത്വം കാത്തുസൂക്ഷിക്കാൻ നേതൃനിരയിലുള്ളവർ പ്രതിജ്ഞാബദ്ധരാണെന്നും ബിഷപ് മാർ പോളി കണ്ണൂക്കാടൻ.
സംസ്ഥാന സിഎൽസിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളായ അംഗങ്ങൾക്കു സംഘടിപ്പിച്ച സ്വീകരണവും നേതൃത്വസംഗമവും ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. ജനങ്ങളുമായുള്ള സൗഹൃദം നിലനിർത്തണം. മൂല്യങ്ങൾ കൈവിടാതെ അവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ പരിശ്രമിക്കുകയും വേണമെന്നും ബിഷപ് കൂട്ടിച്ചേർത്തു.
എറണാകുളം ജില്ലാപഞ്ചായത്തംഗമായി തെരഞ്ഞെടുത്ത ഷൈജോ പറന്പി, വേളൂക്കര പഞ്ചായത്തംഗമായി തെരഞ്ഞെടുത്ത സിഎൽസി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാറ്റോ കുര്യൻ, മുരിയാട് പഞ്ചായത്തംഗമായി തെരഞ്ഞെടുത്ത ഇരിങ്ങാലക്കുട രൂപത മുൻ പ്രസിഡന്റ് തോമസ് തത്തംപിള്ളി, ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലറായി തെരഞ്ഞടുത്ത ബൈജു കുറ്റിക്കാടൻ എന്നിവർക്കു സ്വീകരണംനൽകി. സംസ്ഥാന സിഎൽസി പ്രസിഡന്റ് സജു തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സിഎൽസി പ്രമോട്ടർ ഫാ. ഫ്രജോ വാഴപ്പിള്ളി ആമുഖപ്രസംഗം നടത്തി.
ഇരിങ്ങാലക്കുട രൂപത സിഎൽസി പ്രമോട്ടർ ഫാ. ജോഷി കല്ലേലി സന്ദേശം നൽകി. സംസ്ഥാന സിഎൽസി സെക്രട്ടറി ഷോബി കെ. പോൾ, വൈസ് പ്രസിഡന്റുമാരായ സിനോബി ജോയ്, ഡോണ ഏണസ്റ്റിൻ, തൃശൂർ അതിരൂപത പ്രസിഡന്റ് ജെറിൻ ജോസ് എന്നിവർ പ്രസംഗിച്ചു.